മുകുന്ദേട്ടാ…സുമിത്ര വിളിക്കുന്നു

പതിവു പോലെ തലവഴി പുതച്ച് മൂടിക്കിടന്നുറങ്ങുന്പോഴാണ് അച്‌ഛന്റെ വിളി.

“മോളേ…എഴുന്നേറ്റേ”

നേരത്തെ കിടന്നുറങ്ങി, കാലത്തു നേരത്തെ എഴുന്നേറ്റാലേ പകൽ എല്ലാത്തിനും ഒരു ഉണർവ് കിട്ടു. അച്‌ഛന്റെ പണ്ട് മുതലേയുള്ള ഉപദേശം. Early bird catches the prey എന്നാണത്രേ. ആ പാവം ഇരകളോ? രാവിലെ നേരത്തേയെണീറ്റതു കൊണ്ടല്ലേ പക്ഷി കൊത്തിയത്? ഉപദേശങ്ങൾക്കു പക്ഷേ മറുചോദ്യം അരുത്.

പക്ഷേ ഇന്നച്ഛൻ ഉറച്ച് തന്നെ. “എഴുന്നേൽക്ക് മോളേ … Good News. എഞ്ചിനീയറിംഗ് എൻട്രൻസ് റിസൾട്ട് വന്നിരിക്കുന്നു. നിന്റെ നന്പർ ഉണ്ട്”. അച്ഛൻ കുലുക്കി വിളിക്കുന്നു. പെട്ടെന്ന് കണ്ണ് തുറന്ന് അവൾ ചാടിയെണീറ്റു. അച്ഛനല്ല, റൂം മേറ്റ് ആണ് വിളിക്കുന്നത്.

“എടീ കോളേജിൽ പോകാൻ നേരമായി… ചേട്ടൻ കാത്തുനിൽക്കുന്നുണ്ടാവും” ഒപ്പം ഒരു കൂട്ടച്ചിരിയും.

അന്ന് അച്ഛൻ വിളിച്ചെഴുന്നേല്പിച്ച ആവേശമൊന്നും അവൾക്ക് ഇന്നില്ല. എഞ്ചിനീയറിംഗ് കോളേജിൽ വന്നത് വലിയ വലിയ പ്രതീക്ഷകളോടെയായിരുന്നു. ആരോ പറഞ്ഞിരുന്നു – First Year ൽ എല്ലാവരും എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി തുടങ്ങും, S8 കഴിയുന്പോൾ ഒരു ടെക്നിഷ്യൻ ആയി പുറത്തിറങ്ങും എന്ന്. അവൾക്ക് അന്ന് രാവിലെ ഒരു ടെക്‌നിഷ്യൻ ആയിപ്പോലും തോന്നിയില്ല.

എല്ലാവരും പേടിപ്പിച്ച ഒന്നായിരുന്നു കോളേജിലെ റാഗിങ്ങ്. പക്ഷേ MACE അങ്ങനെയൊന്നു ഉണ്ടായിരുന്നതേയില്ല. ചുരുക്കം ചില നിയമങ്ങൾ ഒഴിച്ച്. അതിലൊന്നാണ് സാരി നിയമം. കോളേജിൽ സാരി മാത്രമേ ഉടുക്കാവൂ പോലും. ആഴ്ചയിൽ രണ്ടു ദിവസം Workshop ഉം Lab ഉം. ആ ദിവസങ്ങളിൽ നിയമം ബാധകമല്ല. ബാക്കി ദിവസങ്ങളിലേക്ക് സാരി ഉടുക്കാൻ പഠിച്ചു. എന്തിനാണ് അങ്ങനെ ഒരു നിയമം എന്നറിയില്ല. അലിഖിത നിയമങ്ങൾക്കും മറുചോദ്യം അരുത്.

അതു പോലെ മറ്റൊരു നിയമമായിരുന്നു ചേച്ചി വിളി. അത് ഹോസ്റ്റലിൽ വന്ന ദിവസം തന്നെ പകർന്നുതന്ന അറിവ്. സീനിയർസിനെ ചേച്ചി എന്നേ വിളിക്കാവൂ. എൻട്രൻസ് രണ്ടാമത് എഴുതി വന്നവർ സമപ്രായക്കാരെ ചേച്ചി എന്ന് വിളിച്ചു തുടങ്ങുന്ന അത്ഭുതക്കാഴ്ച. പക്ഷെ 1970 ന്‍റെ രണ്ടാം പാദത്തിൽ ജനിച്ച അവൾക്ക് അതിലും ഒരു പരിഭവവും ഇല്ലായിരുന്നു. സാങ്കേതികമായി കൂടെ പഠിക്കുന്ന പലരും ചേച്ചിമാരാണ്.

അങ്ങനെ ലിഖിതവും അലിഖിതവും ആയ നിയമങ്ങളോ നേരിട്ടോ അല്ലാതെയോ ഉള്ള റാഗിങ്ങോ അറിയാതെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി അവൾ വിരാജിക്കുന്ന കാലത്താണ് ഇലക്ഷൻ വരുന്നത്. ജനാധിപത്യത്തിന്റെ പെരുന്നാൾ. വോട്ടർമാർ രാജാക്കന്മാരാവുന്ന കാലം. സ്വന്തം മുതലാളിമാരെ തിരഞ്ഞെടുക്കുന്ന പ്രതിഭാസം.

ലേഡീസ് ഹോസ്റ്റലിലും അക്കാലം ഉത്സാവകാലമാണ്. എന്നും വൈകിട്ട് കുറേ വായനോക്കികൾ നേതാക്കളെയും കൂട്ടി വരും. അവരുടെ ചെലവിൽ girlsഉം സുഖമായി വായനോക്കി പോന്നു. അവൾക്കക്കാലം നന്നേ ഇഷ്ടപ്പെട്ടു. അങ്ങനെയിരിക്കെയാണ് തലേന്ന് ഇത് നടന്നത്.

“എടീ നീ വരുന്നുണ്ടോ” കൂട്ടുകാരിക്ക് തിരക്കായി.

“ഇതാ വന്നു. നിങ്ങൾ നടന്നോ” അവളത് വെറുതേ പറഞ്ഞതാണ്. കോളേജിൽ അന്ന് പോകണോ എന്ന് തന്നെ അവൾ തീരുമാനിച്ചിട്ടില്ല.

“ചേട്ടനെ അധികം കാത്ത് നിർത്താണ്ടാട്ടോ”

“….ഒന്ന് പോടീ ” മനസ്സിൽ മാത്രം മറുപടി.

തലേ ദിവസം ഹോസ്റ്റലിൽ വന്ന സ്ഥാനാർത്ഥിയാണ് കഥാപാത്രം. സുന്ദരൻ. സുമുഖൻ. സുസ്മേരവദനൻ (ഇലക്ഷൻ സ്പെഷ്യൽ ആയിരുന്നോ എന്നറിയില്ല). പ്രസംഗചാതുരി പറയുകയും വേണ്ട. വായിൽ നിന്ന് വരുന്നത് ശർക്കര പുരട്ടിയ പഞ്ചാരവാക്കുകൾ. ഇതിലും മെച്ചം നറുതേൻ മാത്രം. അവൾ അവനെത്തന്നെ മുഴുവൻ നേരവും നോക്കിയിരുന്നു, ഇമ വെട്ടാതെ. മുഴുവനും പറഞ്ഞു കഴിഞ്ഞതോടെ ചേച്ചിമാരുടെ ഊഴമായി, പഞ്ചാരയ്‌ക്ക്. ഒരു നോട്ടം പോലും തനിക്ക് കിട്ടാത്തതിൽ അവൾക്ക് വിഷമം തോന്നി. മൂന്ന് മാസത്തെ എക്സിക്യൂട്ടീവ് എഞ്ചിനീയർ അതെങ്ങനെ സഹിക്കും. മനസ്സിൽ കിളിർത്തു ഒരു ചോദ്യം

“ചേട്ടാ….”

ഒരു pin drop silence. അവൻ അവളുടെ നേരെ ഒന്ന് നോക്കി. ഉടനെ കണ്ണ് മാറ്റി. എന്തോ ഒരു പന്തികേട്. നിശ്ശബ്ദതയുടെ മാറ്റൊലി അത്രയും ഘോരമാണെന്ന് അവളറിഞ്ഞിരുന്നില്ല. ഏതോ ഒരു ചേച്ചി എന്തോ പറഞ്ഞ് അതിന് വിരാമമാക്കിയത് വരെ. എല്ലാവരും അവളെത്തന്നെ നോക്കുന്നു. ചിലർക്ക് ചിരി. ചിലർക്ക് പുച്ഛഭാവം. പാവം ഒന്നുമറിയാതെ എക്സിക്യൂട്ടീവ് എഞ്ചിനീയർ അന്തം വിട്ടു നിന്നു. വായനോക്കികളും നേതാക്കളും പോയതിനു ശേഷം കുറച്ച് ചേച്ചിമാർ അവളുടെയടുത്ത് വന്നു

“ചേട്ടൻ. നിന്റെ ആരാ അയാൾ? മര്യാദയ്‌ക്ക് ഇവിടെ നിന്നാൽ നിനക്ക് കൊള്ളാം. മനസ്സിലായോ?” … അവരുടെ അരിശം തീരുന്നില്ല. “മുട്ടേന്ന് വിരിഞ്ഞില്ല.. അവളുടെ ചേട്ടൻ വിളി”

അല്ലേ, മുട്ടേന്ന് വിരിയാത്തത് കൊണ്ടല്ലേ ചേച്ചീന്ന് വിളിക്കാൻ പറഞ്ഞത്? സീനിയർ girls ചേച്ചിമാരാവുന്പോൾ സീനിയർ boys ചേട്ടന്മാർ; അല്ലേ? അത് കേവലനീതി. കേവല നീതികൾക്ക് ഇത് പക്ഷേ law college അല്ലല്ലോ. എഞ്ചിനീയറിംഗ് കോളേജിന്റെ ഭരണഘടനയിൽ സീനിയർ girls എന്നതിന്റെ മലയാള പദം ആണ് ചേച്ചി. സീനിയർ boys-ന് ഒരു പദം നിർവചിച്ചിട്ടില്ല. മുട്ടേന്ന് വിരിയാത്തവർ അതിന് ഒരുന്പെടരുത് പോലും.

അന്ന് രാത്രി അവൾക്ക് ആയിരം റാഗിംഗ് ഒന്നിച്ച് വന്നതിന് സമമായിരുന്നു. ദൈവമേ നീയെനിക്കെന്തിന് എഞ്ചിനീയറിംഗ് അഡ്മിഷൻ തന്നു? അന്നാ പത്രത്തിൽ എന്റെ നന്പർ എന്തിന് അച്ചടിച്ചു? ഇനിയെങ്ങനെ കോളേജിൽ പോകും? ഇലക്ഷൻ കഴിയാൻ ഇനി രണ്ട് ദിവസം. രാജപദവികളൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞാൽ ഇനി ഇതും പറഞ്ഞ് റാഗിംഗ് തുടങ്ങുമോ. അവൾ റെഡി ആയപ്പോഴേക്കും എല്ലാവരും മുറി വിട്ടിരുന്നു. ഒറ്റയ്ക്ക് അവൾ കോളേജിലേക്ക് നടന്നു. വിജനതയായിരുന്നു അന്ന് അവൾക്ക് ഏറ്റവും നല്ല കൂട്ടുകാരി.

Mens Hostel ൽ ഇമ്മാതിരി നിയമങ്ങളൊന്നുമില്ലത്രേ. അവർ വേണ്ട പോലെ മുണ്ടും പാന്റ്സും ഇട്ട്, സീനിയർസിനെ പേരും ഇരട്ടപ്പേരും വിളിച്ച് അല്ലലില്ലാതെ കഴിഞ്ഞു പൊന്നു. LH ൽ ഞങ്ങൾ വനിതാശാക്തീകരണവും ലിംഗസമത്വവും കേവലനീതിയും ചർച്ച ചെയ്ത് ജീവിച്ചു.

ഇന്നത്തെ LH ഉം എഞ്ചിനീയറിംഗ് കോളേജ് ജീവിതവും ഇതുപോലായിരിക്കുമോ എന്നൊരു സംശയം മാത്രം ബാക്കി!

വെള്ളരിക്കാപ്പട്ടണമേ നിന്റെ പേര് എഞ്ചിനീയറിംഗ് കോളേജ് എന്നാണോ?

Your batchmate

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s