പരീക്ഷകളും, കോപ്പിയടികളും

S8 ൽ ചെയ്തൊരു കുസൃതി, ഇന്നും മറക്കാതെ കിടക്കുന്നു.

ആഴ്ചകൾക്ക് മുൻപേ KJD (Dr.K. J. David) സർ ഇറിഗേഷൻ സ്ട്രക്ക്ച്ചറുകളുടെ അസ്സസ്മെന്റ് പരീക്ഷ പ്രഖ്യാപിച്ചു. 8 -10 എണ്ണം ഉണ്ട് ,ഒന്നിന് 20 -25 സൂത്രവാക്യങ്ങൾ/ നടപടിക്രമങ്ങൾ  വച്ച് ഇതെല്ലാം എങ്ങനെ കാണാതെ  പഠിക്കാൻ? ഈ വിഷയം ഒരു ബാലി കേറാ മല തന്നെയായിരുന്നു.

നമ്മുടെ പാഠ്യപദ്ധതിയിൽ സവിശേഷ പരിഗണന കൊടുത്തു വിശകലനം ചെയ്യേണ്ട ഒരു മേഖല, എന്തിന് വിദ്യാർത്ഥികളെ ആവശ്യമില്ലാതെ കഷ്ടപ്പെടുത്തുന്നു? വെറുതെ കാണാപാഠം പഠിപ്പിച്ചിട്ട് എന്ത് നേടാൻ? ഇത് പോലുള്ള  വിഷയങ്ങൾ മറ്റ് രാജ്യങ്ങളിൽ ചെയ്യുന്ന പോലെ എന്ത് കൊണ്ട്  ‘Open Book Exam ആയിക്കൂടാ?  ഈ രീതികളൊക്കെ മാറിയുണ്ടാകുമോ!4 വർഷം കൊണ്ട് 54 വിഷയങ്ങള്‍ പഠിച്ചു പടിയിറങ്ങുമ്പോൾ ഒരു യുവ എഞ്ചിനീയർ  ജോലിക്ക് പ്രാപ്‌തനാണോ?

ഇലക്ട്രിക്കൽ ലാബിൽ 4  വർഷം പയറ്റിയിട്ട് സ്വന്തം വീട്ടിലെ ഫ്യൂസ് കെട്ടാൻ ആളെ വിളിച്ച ഇലക്ട്രിക്കൽ എഞ്ചിനീയറും, കോൺക്രീറ്റ് സ്ളാബിൽ  കവർ  എങ്ങനെ കൊടുക്കുമെന്ന് അറിയാത്ത സിവിൽ എഞ്ചിനീയറും ഒക്കെയായി പലരും ബിരുദ യോഗ്യതാപത്രം സമ്പാദിച്ചു.

ഇനി ഞങ്ങളുടെ കഥയിലേക്ക് വരാം.

KJD സർ അറിയിച്ച പരീക്ഷക്ക് ഇനി 4 -5  ദിവസങ്ങളേ ഉള്ളൂ; ചുരുക്കം ചില പുസ്തക പുഴുക്കളെ മാറ്റി നിർത്തിയാൽ, ആരും ഇത് വരെ പഠിക്കാൻ ആരംഭിച്ചിട്ടില്ല. ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. എങ്ങനെ പഠിക്കാൻ! നാളെ, നാളെ പറഞ്ഞു ഒരു വഴിയായി, ഇത്രടം എത്തി .  4 -5  ദിവസം കൊണ്ട് ഇത്രയും സൂത്രവാക്യങ്ങൾ മനഃപാഠം ആക്കുക ദുഷ്‌കരം അല്ലേൽ  നടപ്പില്ലാത്ത കാര്യം.  ഇനിയെന്ത് ചെയ്യും? സാറിൻറെ കരുണ മാത്രം രക്ഷ!

പൊതുവെ ശാന്തശീലനായ സാറിനെ സങ്കടം ബോധിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. പഠനവ്യഗ്രരായ ചിലരൊഴിച്ച്‌, എല്ലാരും മെക്കാനിക്കൽ ബ്ലോക്കിലെ താഴെയുള്ള മുറിയിൽ എത്തി; ഇവിടെയാണ് സാറിന്റെ മുറി. പഠിക്കാനുള്ള ദുഷ്‌കരത്വം എരിവ്  പുരട്ടി അവതരിപ്പിച്ചു. നമ്മുക്ക് നമ്മുടെ വശം, സാറിന് നിയമവശം- പരീക്ഷ നടത്താതെ സെഷണൽ മാർക്ക് കൊടുക്കാൻ പറ്റില്ലല്ലോ. എല്ലാ വഴിയും അടയുമ്പോൾ ഈശ്വരന്‍ ഒന്ന് തുറന്ന് തരുമെന്നല്ലേ വിശ്വാസം.

പരീക്ഷാ തീയതിക്ക് തൊട്ട് മുൻപാണ് GATE (Graduate Aptitude Test in Engineering). സാറിൻറെ ശിഷ്യരോടുള്ള മൃദുല ഹൃദയം ഞങ്ങൾ മുതലെടുത്തു.  “സർ GATE ന് പഠിക്കുന്നത് കൊണ്ട് ഡിസൈൻ പഠിക്കാൻ പറ്റിയിട്ടില്ല, ഈ വീക്കെൻഡിൽ ആണ് GATE. ഡിസൈൻ പഠിക്കാൻ പോയാൽ GATE ഉഴപ്പി പോകും, ഞങ്ങൾ എന്ത് ചെയ്യും?”. ആവലാതിക്കാരുടെ മുൻപിൽ നിന്നിരുന്ന ഞാൻ മേല്പടി പറഞ്ഞു. ( M .Tech ന് പഠിക്കുന്നത് പോട്ടെ, GATE ൻറെ ആപ്ലിക്കേഷൻ ഫോമിന് പോലും അപേക്ഷിക്കാത്ത വൃക്തിയാണ് ഞാൻ എന്നോർക്കണം. പോട്ടെ സാരമില്ല, ക്ലാസ്സിൻറെ മൊത്തം വക്താവല്ലേ മാപ്പാക്കാം.)

അതിൽ സാർ അലിഞ്ഞു. 4 സ്ട്രക്ക്ച്ചർ ആക്കി കുറച്ചു തന്നു. ഞങ്ങൾ വിടുമോ! ഒരെണ്ണം പോലും പഠിക്കാൻ മനസ്സ് സന്നദ്ധമല്ല. വീണ്ടും കുറപ്പിക്കാൻ കേണുകൊണ്ടേയിരുന്നു. ഇനി പറ്റില്ലായെന്ന് സാറും. പലരും പലതും പയറ്റി. രക്ഷയില്ലായെന്ന് മനസ്സിലായി എല്ലാരും മടങ്ങുന്ന തിരക്കിലായി. പലരുടെയും ശോകമൂകത കണ്ടിട്ട് സാർ പതുക്കെ പറഞ്ഞു “Sarda Fall പഠിക്കാതെ ഇരിക്കല്ലേ” എന്ന്. ഏറ്റം മുൻപിൽ നിന്ന ഞാനും, ചുരുക്കം ചിലരും ആ സുവർണ്ണ വാക്യം കേട്ടു.

Eureka, ഇനിയെന്ത് വേണം! റൂമിന് പുറത്തെത്തി പ്രഖ്യാപിച്ചു. ‘ചോദ്യം- Sarda Fall’ ഇനി തർക്കമില്ല. എന്തായാലും അത് കാര്യമായി പഠിച്ചു. സാർ വാക്കും പാലിച്ചു. എന്നിട്ടും ചില പുരുഷ സഹപാഠികൾ കുറിപ്പടികളുമായാണ് പരീക്ഷക്ക് വന്നത്. അതിൽ പലരും ഇന്ന് വലിയ സൗധങ്ങളും, പെരുവഴികളുമൊക്കെ ഡിസൈൻ ചെയ്യുന്നു, ഉണ്ടാക്കുന്നു.

ഇതെന്താ വെള്ളരിക്കാ പട്ടണമോ!

Raimol

 

1 Comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s