ഒരു അനശ്വര പ്രണയം

ഒന്ന്

കാലത്ത് എണീറ്റ് സഖാവ് കോളേജിലേക്ക് പുറപ്പെട്ടു. തലേന്ന് വന്ന greeting card പോക്കറ്റിൽ ഭദ്രം. ഫസ്റ്റ് ഇയറിൽ എറണാകുളത്തെ St. Francis De Sales Press ൽ നിന്ന് വാങ്ങിയ GD Instrument Box കൈയിൽ. “കോളേജ് കഴിഞ്ഞില്ലേ, ഇനിയെന്താ” എന്ന അമ്മയുടെ ചോദ്യത്തിന് “ഒരു അസ്സൈന്മെന്റ് കൂടെ കൊടുക്കാനുണ്ട്” എന്ന് പറഞ്ഞൊഴിഞ്ഞു.

കോളേജ് ജംഗ്ഷനിൽ ഇറങ്ങി Learners Book Store ൽ നിന്ന് ബോണ്ട് പേപ്പർ വാങ്ങി കുന്ന് കയറുന്പോൾ മുന്നിൽ Arts College Library. നാട്ടുകാരുമായുള്ള സംഘർഷത്തിനൊടുവിൽ എഞ്ചിനീയറിംഗ് കുട്ടികൾ കത്തിച്ചതാണത്രേ പഴയ കെട്ടിടം. അതിന് ശിക്ഷയെന്നോണം എഞ്ചിനീയറിംഗ്-കാരെ എന്നന്നേക്കും ആയി അവഹേളിക്കാൻ അവരിൽ നിന്ന് തന്നെ പണം പിരിച്ചു പണിത ഒരു സ്മാരകം. നടന്ന് അതിന് മുന്നിലെത്തിയപ്പോൾ പഴയ കരിഞ്ഞ മണം അവിടെ തങ്ങി നിൽക്കുന്നുണ്ടെന്ന് തോന്നി. അത് കഴിഞ്ഞ് വലത് ഭാഗത്ത് ആർട്സ് കോളേജ് കാന്റീൻ. അതിന് മുന്നിലെ റോഡിന് ചെരിവ് തെറ്റാണെന്ന് സിവിൽ എഞ്ചിനീയറിംഗ്-കാർ പറയും. വളവിൽ അകത്തേക്ക് ചെരിക്കുന്നതിനു പകരം അവിടെ പുറത്തേയ്ക്കാണ് ചെരിവ്. എത്രയോ കൊല്ലമായി അങ്ങനെ തന്നെയാണത്രെ. അതും ഒരു എഞ്ചിനീയറിംഗ് സ്മാരകമായി നിലനിർത്തിയതാണെന്ന് തോന്നുന്നു.

കോളേജ് ഗേറ്റിന് മുന്നിലെത്തിയാൽ ഇരുവശത്തും ആർമിയുടെയും നേവിയുടെയും എയർഫോഴ്‌സിന്റെയും പരസ്യപ്പലകകളാണ്. ഒന്നാം വർഷക്കാർ സ്വപ്നം കണ്ട് തുടങ്ങുന്നത് അവിടെ നിന്നാണ്. മധുരപ്രതീക്ഷകളാകുന്ന കേക്കിന് മോഹനവാഗ്ദാനങ്ങളുടെ ഐസിംഗ്. കുറച്ചു കൂടെ മുന്നിലേക്ക്‌ നടന്ന് നേരെ നോക്കിയാൽ “ന്യൂ ബ്ലോക്ക്” കാണാം. അതിന്റെ ടെറസിന് മുകളിൽ കോലം കുത്തിയത് പോലെ ഒരു രൂപം. പണ്ടാരോ പ്രോജെക്റ്റിനായി നിർമ്മിച്ച കാറ്റാടി യന്ത്രത്തിന്റെ ബാക്കിപത്രം ആണത്രേ. അതും ഒരു നോക്കുകുത്തി പോലെ നിർത്തിയിരിക്കുന്നു. സ്മാരകമായി.

എഞ്ചിനീയറിംഗ് കോളേജ് ശരിക്കും ഒരു സ്മാരകഭൂമി തന്നെ. എത്രയോ സ്വപ്‌നങ്ങൾ, മോഹങ്ങൾ, പ്രണയങ്ങൾ, പ്രയത്നങ്ങൾ, പ്രലോഭനങ്ങൾ, പരീക്ഷണങ്ങൾ ഇവിടത്തെ ശ്‌മശാനത്തിൽ നിദ്ര പൂണ്ടിരിക്കുന്നു.

മെയിൻ ബ്ലോക്കിന് മുന്നിലെ കൊടിമരത്തിന് ചുറ്റും ദീർഘ വൃത്താകൃതിയിൽ ഒരു ഭാഗമുണ്ട് – Elliptical shape. ഒന്നാം വർഷം Geometric Drawing ന്റെ ആദ്യ നാളുകളിൽ ചതുരക്കടലാസിൽ വരച്ചത് ellipse. വർഷാവസാനത്തിൽ perspective drawing പഠിച്ചപ്പോൾ വരച്ചതും ellipse.

Elliptical shape depicts the dichotomy of life എന്നാണ് സഖാവ് സൈന പറഞ്ഞത്. എഞ്ചിനീറിംഗും ആർട്സും. സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും. പ്രലോഭനങ്ങളും പരീക്ഷണങ്ങളും. അവനവനും സമൂഹവും. എവിടെയും നാം വലം വച്ച് കൊണ്ടിരിക്കുന്ന രണ്ടു കേന്ദ്രബിന്ദുക്കൾ – the two focii.

Ellipse ഒരു യുണിവേഴ്‌സൽ യാഥാർത്ഥ്യം ആണ്. രസതന്ത്രം മുതൽ ഖഗോളശാസ്ത്രം വരെയും പാലിക്കുന്ന ഭ്രമണപഥം. ഭൂമി സൂര്യനെ വലം വയ്ക്കുന്നത് ദീർഘവൃത്തത്തിലല്ലായിരുന്നെങ്കിൽ നമുക്ക് വസന്തവും ശിശിരവും നഷ്ടമായേനെ. ഉഷ്ണവും ശൈത്യവും അല്ലേ ആ രണ്ടു കാലത്തിനും ഭംഗി ചാർത്തിയത്? ശിശിരത്തിൽ ഇല പൊഴിഞ്ഞത് വസന്തം വരാനുണ്ടെന്നുള്ള സാരത്വിക സത്യത്തിലുള്ള വിശ്വാസം കൊണ്ടല്ലേ?

ദീർഘവൃത്തത്തിൽ ദൈവത്തെ ദർശിക്കാം. അകന്നു പോകുന്നത് തിരികെ വരുമെന്നുള്ള പ്രതീക്ഷ. അത് പിന്നെയും അകലാമെന്നുള്ള സത്യം. വീണ്ടും തിരിച്ചു വരാൻ സ്വാതന്ത്ര്യം തരുന്ന കാരുണ്യം. കാരുണ്യവാൻ, തന്നെ തേടുന്നവർക്ക് വഴികാട്ടുന്ന അടയാളങ്ങളാണ് പ്രപഞ്ചത്തിലുടനീളം.

Ellipse നു ചുറ്റും ഒരു വേലിയുണ്ട്. പരിശുദ്ധമായ പ്രണയം ഉരുത്തിരിയുന്ന ഉദാത്തമായ ദൈവിക വരദാനമാണ് ആൺ-പെൺ ബന്ധം. ഇവിടെ അത് Mechanical Workshop ലെ കഠിനപ്രയത്‌നത്തിൽ ജന്മം കൊണ്ട Male-Female joints എന്ന Steel കഷ്ണങ്ങൾ മാത്രം. ഏതോ ഫസ്റ്റ് ഇയർ കുട്ടികൾ ചോര നീരാക്കി ഫയൽ ചെയ്തെടുത്ത അത്തരം കുറെ കഷ്ണങ്ങൾ കൊണ്ട് കെട്ടിയ ആ വേലിക്കകത്ത് അവൻ കയറി.

അവിടെയിരുന്ന്, ബോണ്ട് പേപ്പറിൽ ഒരു ജോഡി കണ്ണുകൾ വരച്ചു. തന്റെ മനസ്സിൽ താനറിയാതെ കുടിയേറിയ കണ്ണുകൾ. വിപ്ലവം എരിഞ്ഞിരുന്ന മനസ്സിൽ നീറ്റലുണ്ടാക്കിയ പ്രണയതീക്ഷ്ണമായ നോട്ടത്തിന്റെ ഉറവിടം. ആ കണ്ണുകൾക്കിടയിൽ Black Hole നെ ഓർമ്മിപ്പിക്കുന്ന ഒരു വലിയ കറുത്ത പൊട്ട്. ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണത്രേ തമോഗർത്തം അഥവാ Black hole. അതിലേക്ക് പ്രവേശിക്കുന്നതിനൊന്നും പുറത്തേക്ക് വരാനാവില്ല. വെളിച്ചമടക്കം. അതാണ് അനശ്വരത.

പേപ്പർ മടക്കി GD Instrument box നകത്ത് വച്ചു. ഒപ്പം പോക്കറ്റിൽ നിന്നും greeting card ഉം. കുഴിച്ചിടുന്നതിനു മുൻപ് കാർഡിലെ വരികൾ ഒന്നുകൂടെ വായിച്ചു.

പ്രണയത്തിനു ബന്ധങ്ങളുടെ ആവശ്യമില്ല. അത് കാല്പനികതകളുടെ ബാന്ധവമാണ്. ഇന്ദ്രിയങ്ങൾക്ക് ഗോചരമാകാത്ത ദിവ്യാനുഭവം. ഭൗതികലോകത്തിൽ നിന്ന് മോചിതമാകുന്പോഴാണ് ആ അമൃത് ലഭ്യമാകുന്നത്. മരണമില്ലാത്ത സ്നേഹത്തിന്റെ മധുരമാണത്.

ഇലക്ട്രിക്കൽ ആഭ്യന്തര യുദ്ധകാലത്ത് മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം. ഭൗതിക ബന്ധങ്ങളിൽ നിന്നും മോചിതമായി കാല്പനികതയിലേക്കുള്ള അതിന്റെ പ്രയാണം. ഒടുവിൽ അനശ്വരതയിലേക്കുള്ള അതിന്റെ ഉയിർത്തെഴുന്നേല്പ്. അതാണ് ഈ കഥ.

രണ്ട്

 

Pray-Blue Eyes-2

സഖാവ് സിനിമ കാണുകയായിരുന്നു.

കോളേജിൽ സീരിസ് ടെസ്റ്റാണ്. പരീക്ഷ കട്ട് ചെയ്തു സിനിമ കാണുന്ന സുഖം വേറെയെന്തിനുണ്ട്? ഇന്നത്തേത് ഒരു മാസ് കട്ട് ആണ്. സീരീസ് ടെസ്റ്റ് എന്ന പരീക്ഷണം പ്രിൻസിപ്പൽ തുടങ്ങിയത് ഇക്കൊല്ലമാണ്. ചരിത്രപരമായ തീരുമാനം – ഇരു കൂട്ടർക്കും.

ജവഹർ തിയറ്ററിലെ മൂട്ട കടി തെല്ലും വകവയ്ക്കാതെ സിനിമയിൽ അവൻ അലിഞ്ഞു. ഒന്നാന്തരം കോളജ് കഥ. പ്രേമം സഖാവിന് സിനിമയിൽ മാത്രം പറഞ്ഞിട്ടുള്ളതാണ്. എന്നാലും രാമഭദ്രനെ വശീകരിക്കാൻ നോക്കുന്ന മാലുവിനെ സഖാവിന് ഇഷ്ടമായി. സിനിമ കാണുന്പോൾ സഖാവ് അതിലൊരു കഥാപാത്രമായി ജീവിക്കും. അതാണത്രേ ഏറ്റവും നല്ല ആസ്വാദനമാർഗ്ഗം. ആരോടും പറയാതെ അവൻ അന്ന് രാമഭദ്രനായി.

സിനിമ കഴിഞ്ഞു ബീഡി കത്തിച്ചു തിരികെ നടക്കുന്പോൾ സഖാവിന് എന്തോ ഒരു പന്തികേട് തോന്നി. എന്തെന്നറിയില്ല. മാലു തന്നെ സ്വാധീനിച്ചോ? അരുത്! വിപ്ലവകാരി ഒരു പെണ്ണിന്റെ മുന്നിലും തളരരുത്.

തിരികെ കോളേജിൽ എത്തിയപ്പോൾ കണ്ട കാഴ്‍ച! യുദ്ധഭൂമി. കഴിഞ്ഞ മൂന്ന് കൊല്ലം ഒന്നിച്ചിരുന്ന് പഠിച്ച, ഒന്നിച്ചു സമരം ചെയ്ത, ഒന്നിച്ചു ടൂർ പോയ ക്ലാസ്, രണ്ടായി തിരിഞ്ഞിരിക്കുന്നു. എവിടെയോ എന്തോ പിശകി. വെടി പൊട്ടിക്കഴിഞ്ഞു. കരഞ്ഞുകലങ്ങിയ കണ്ണുകൾ കുന്നിറങ്ങി പോകാൻ തുടങ്ങിയിരുന്നു. ശബ്ദങ്ങളാൽ രൂപമെടുത്ത അമിട്ടുകൾ അപ്പോഴും അങ്ങിങ്ങ് പൊട്ടുന്നുണ്ടായിരുന്നു.

അതിനിടയിൽ ഒരു ജോഡി കണ്ണുകൾ അവന്റെ മനസ്സിൽ തട്ടി. പരിചയമുള്ള കണ്ണുകളിൽ നിന്ന് പരിചയമില്ലാത്ത നോട്ടം. എത്ര നേരം ആ കണ്ണുകളിൽ ഉടക്കി എന്നറിയില്ല. മാലു effect കാരണം സ്വയം തോന്നിയതാണോ? അല്ല “നീ എവിടെയായിരുന്നു” എന്ന ചോദ്യമായിരുന്നോ? അതുമല്ല ഇനി ആ കണ്ണുകൾ ഇത്രയും നാൾ താൻ ശ്രദ്ധിക്കാതെ പോയതാണോ? എരിയുന്ന വിപ്ലവം കൊണ്ട് ബീഡിക്ക് തീ പകരുന്നതിനിടയിൽ കണ്ണുകളെ കാണാൻ ഒരിക്കലും മെനക്കെട്ടിരുന്നില്ല. പ്രത്യയശാസ്ത്രത്തിന്റെ ആധികാരികതക്ക് മുന്നിൽ മനസ്സിന്റെ ഭാഷ സാത്താന്റെ വചനങ്ങളായിരുന്നു.

പ്രക്ഷുബ്ധമായ രാഷ്ട്രീയജീവിതത്തിൽ സഖാവ് പല കണ്ണുകളും കണ്ടിട്ടുണ്ട്. തുറിച്ചു നോക്കിയവരെ തിരിച്ചുനോക്കി പേടിപ്പിച്ചിട്ടുണ്ട്. പരിഹാസം നിറഞ്ഞവയെ അവജ്ഞയോടെ പുച്ഛിച്ചു തള്ളിയിട്ടുണ്ട്. ദയനീയമായ നോട്ടങ്ങളെ collateral damage എന്ന് കരുതി സമാധാനിച്ചിട്ടുണ്ട്. ഇന്ന് പക്ഷെ ഈ കണ്ണുകൾ ഒരു ചോദ്യചിഹ്നമായി മുന്നിൽ വന്നിരിക്കുന്നു. അതൊരു തോന്നൽ മാത്രമോ?

സഖാവ് ആരോടും ഒന്നും പറയാതെ ഹോസ്റ്റലിലേക്ക് നടന്നു. എവിടെയും യുദ്ധപ്രതീതി. നേരെ റൂമിൽ പോയി. അത്താഴ സമയമാകുന്നതിന് മുൻപ് തന്നെ D3 മെസ്സിൽ എത്തി. പാർട്ടി മെസ്സ്. സഖാക്കളുടെ ഭക്ഷണം അവിടെയാണ്. ഭക്ഷണം കഴിഞ്ഞ് സാധാരണ പോലെ ബീഡിയെടുത്തു. പക്ഷെ കത്തിക്കാൻ കഴിഞ്ഞില്ല. മനസ്സിൽ ആ കണ്ണുകൾ മായാതെ നിറഞ്ഞു നിൽക്കുന്നു. ആ നോട്ടത്തിൽ എന്തോ ഒരു കുളിര് അവനു അനുഭവപ്പെട്ടു. താനറിയാതെ തന്നെ സഖാവ് പ്രണയം അനുഭവിച്ചു തുടങ്ങിയിരുന്നു. ഭാഷയില്ലാത്ത സന്ദേശങ്ങൾ decode ചെയ്യുമ്പോഴുണ്ടാകുന്ന വേദന.

കിടന്നുറങ്ങാൻ അവനു തോന്നിയില്ല. ഹോസ്റ്റലിന് മുന്നിലെ ഗ്രൗണ്ടിൽ അവനിറങ്ങി. പുല്ലിൽ മലർന്നു കിടന്നു. കണ്ണടച്ചപ്പോൾ മനസ്സിൽ ആ കണ്ണുകൾ കൂടുതൽ കൂടുതൽ തെളിഞ്ഞു വന്നു. എന്തായിരുന്നു അവ തന്നോട് പറഞ്ഞത്? ആദ്യമായാണോ ആ കണ്ണുകൾ തന്നെ നോക്കിയത്‌? അല്ല താൻ ഇത്രയും കാലം ശ്രദ്ധിക്കാതെ പോയതോ? കണ്ണ് തുറന്നപ്പോൾ മേലെ മാനത്ത് നക്ഷത്രങ്ങൾ മിന്നുന്നു. കുറെയേറെ നക്ഷത്രങ്ങൾ കത്തിക്കഴിഞ്ഞവയാണത്രെ. അവ ഇന്ന് ജീവിച്ചിരിപ്പില്ല. ആകാശം നക്ഷത്രങ്ങളുടെ ഒരു സ്മാരകമാണ്.

പിറ്റേന്ന് കോളേജിൽ ആ കണ്ണുകൾ ഉണ്ടാവും. പക്ഷെ ഈ കലങ്ങിയ അന്തരീക്ഷത്തിൽ അവയെ ദൂരെ നിന്ന് കാണാനേ കഴിയൂ. സംസാരിക്കാൻ പകലിന്റെ ഇരുണ്ട തിരശ്ശീലകൾ അനുവദിക്കില്ല. ഇവിടെ പുതിയ രണ്ട് ദേശീയതകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. Girls and Boys. അതിനെ മുറിച്ചു കടക്കാനാവില്ല. “ദൈവമേ നീയൊരു വഴി കാണിച്ചു തരണേ”… ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുന്നത് സഖാവിന്റെ ശീലത്തിലുള്ളതല്ല. പക്ഷെ ആ കണ്ണുകളും ശീലമുള്ളതല്ലല്ലോ.

രാവിലെ അവൻ നേരത്തേ എഴുന്നേറ്റു. കട്ടിലിനടിയിൽ നിന്ന് പെട്ടി വലിച്ച്, അതിന്റെ ഏറ്റവും അടിയിൽ പണ്ട് ആദ്യമായി കോളേജിലേക്ക് വരുന്പോൾ അമ്മ വച്ച് തന്ന ദേവിയുടെ ചിത്രം പൊടി തട്ടിയെടുത്തു. ആ കണ്ണുകൾ പോലെ, കൂടെയുണ്ടായിട്ടും കാണാതെ പോയ, അറിയാതെ പോയ, ആദിപരാശക്തിയുടെ പൂർണ്ണാവതാരവും സർവ്വഗുണസമ്പന്നയും, സക്ഷാൽ ത്രിപുര സുന്ദരിയും, പ്രകൃതിയും ആയ പാർവതീദേവി. സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും പര്യായം.

അങ്ങനെ ദേവിയുടെ കടാക്ഷം ഏറ്റുവാങ്ങിയാണ് അന്ന് കോളേജിൽ പോയത്.

Girls അന്ന് ഒന്നിച്ചാണ് ക്‌ളാസിൽ വന്നത്. ദേശീയതയുടെ Comradery-യിൽ തോളോട് തോൾ ചേർന്ന്. അച്ചടക്കത്തോടെ മാർച്ച് ചെയ്യുന്ന പട്ടാളക്കാരെപ്പോലെ. മറ്റെങ്ങും നോക്കാതെ. അതിനിടയിലും സഖാവ് തേടിയത് ആ കണ്ണുകൾ. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി. കണ്ണുകൾ കൊണ്ട് അവർ കഥ പറഞ്ഞു – ഒളിഞ്ഞ്, ദേശീയതകൾക്ക് കളങ്കമേൽക്കാതെ. എത്ര നേരം എന്നറിയില്ല. അത് പിന്നെയൊരു ശീലമായി. എന്നും അവൻ കാലത്തെണീറ്റു ദേവിയോട് പ്രാർത്ഥിച്ച് നേരത്തേ ക്ലാസിലെത്തും. അവളുടെ കണ്ണുകൾ കാംക്ഷിച്ച്. ദിവസങ്ങൾ ആഴ്ചകളായി. ആഴ്ചകൾ മാസങ്ങളായി. പതിയെ, അവനറിയാതെ തന്നെ, പാറത്തോട്ടുകാവും പാടത്തമ്മയും അവന്റെ ചര്യകളിൽ കുടിയേറി.

അവളെന്താണ് പറഞ്ഞതെന്ന് അവൻ ദിവസം മുഴുവനും മനനം ചെയ്യും. ക്ലാസ്സിനിടയ്ക് അവൾ ഒളികണ്ണിട്ടു നോക്കും. ചെറിയ ഒരു പുഞ്ചിരി സമ്മാനിക്കും. കഥയിലെ ഉത്തരം കിട്ടാത്ത ഭാഗങ്ങൾ അപ്പോഴവൻ പൂരിപ്പിക്കും. ഒരിക്കലവൾ ആരും കാണാതെ ചുണ്ടു കോട്ടി എന്തോ കാണിച്ചു. അവളുടെ അധരങ്ങളുടെ മധുരം അന്നവൻ മനസ്സു കൊണ്ട് നുണഞ്ഞു.

ആ കണ്ണുകളെ വർണ്ണിക്കാൻ പിന്നെയൊരിക്കലും അവൻ ശ്രമിച്ചില്ല. അവയുടെ നിറമെന്തായിരുന്നു? അവ വലുതായിരുന്നോ? ഒന്നും അവനറിയില്ല. അറിയാനൊട്ടു ശ്രമിച്ചുമില്ല. കണ്ണുകളുടെ വലിപ്പമോ നിറമോ അല്ല അവയ്‌ക്കു ഭംഗി ചാർത്തിയത്. ടാഗോർ പറഞ്ഞത് പോലെ “By plucking her petals you do not gather the beauty of the flower”. അതിനു പുറമേ എന്തോ ആണ്. ഒരു പക്ഷെ അവയിലൂടെ ഒഴുകി വന്ന ഹൃദയത്തിന്റെ ഭാഷയാവാം. അല്ലെങ്കിൽ അവയ്ക്കിടയിൽ എന്നും സ്ഥാനം പിടിച്ചിരുന്ന ആ വലിയ പൊട്ടാവാം. ഏതായാലും ഒന്നുറപ്പ്. ആ കണ്ണുകളോടുള്ള പ്രണയത്തിൽ അവനൊരു അടിമയായി മാറിയിരുന്നു. ദിനേശ് ബീഡികൾ അവൻ വലിച്ചെറിഞ്ഞു. അവയ്ക് തീ പകർന്ന എരിയുന്ന വിപ്ലവങ്ങളല്ല, അവളുടെ കണ്ണിൽ നിന്ന് വരുന്ന കുളിരാണ് അവന്റെ ഉള്ളിൽ.

മൂന്ന്

Blue Eyes - bright light-2

പ്രണയം എന്നാൽ ക്ഷമയാണ്. നല്ല നാളെയിലേക്കുള്ള പ്രതീക്ഷയാണ്. കോളേജിന് മുന്നിലെ ellipse പോലെ അകലുന്നത് തിരികെ അടുത്ത് വരും. അതിനുമപ്പുറം എന്താവും എന്ന ചോദ്യമില്ല. അവിടെ പ്രണയത്തിന് കുരുടാണ്. Love is blind for anything that is not optimistic. അത് കൊണ്ട് അവൻ എന്നും നാളേക്കായി കാത്തിരുന്നു. കണ്ണുകൾ പറഞ്ഞ കഥകൾ മനസ്സിലൊരുക്കിയ മധുരവാക്കുകളാൽ സമ്മാനിക്കാൻ. ദേശീയതയുടെ അദൃശ്യമറവുകൾ മാഞ്ഞുപോകാൻ അവൻ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു.

ക്ഷമയും പ്രതീക്ഷയുമാണ് പ്രാർത്ഥനയുടെ രഹസ്യം. അത്തരം പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുക തന്നെ ചെയ്യും.അങ്ങനെ ഒടുവിൽ ആ നാൾ വന്നെത്തി. കോളേജ് കഴിയാൻ അധികം ബാക്കിയില്ല. കാലം എന്ന വൈദ്യന് മുറിവുകളുണ്ടാക്കാൻ കഴിയും. മുറിപ്പാടുകളെ അത് മറയ്‌ക്കും. മറയ്‌ക്കാനാവാത്തവയെ മറപ്പിക്കും. ജീവിതത്തിന്റെ കാതലായ ഒരു കാലം കഴിയുകയാണ് എന്ന തിരിച്ചറിവിന്റെ മുന്നിൽ, വെറുപ്പും പകയും അലിഞ്ഞില്ലാതായി .

ദേശീയതകൾ വലിച്ചുകീറാൻ ആരുടെയൊക്കെയോ മധ്യസ്ഥതയിൽ തീരുമാനമായി. ഇഴഞ്ഞു നീങ്ങിയ പുഴു ചിത്രശലഭമായി പുറത്തിറങ്ങി. ശിശിരത്തിൽ പൊഴിഞ്ഞ ഇലകൾക്ക് പകരം പുതുനാന്പുകൾ മുള പൊട്ടി. ലോകത്തിന്റെ വസന്തം സ്വപ്നം കണ്ട് നടന്ന സഖാവിന് മുന്നിൽ പൊടുന്നനെ പുതിയ വസന്തം വന്നെത്തി. മൂടുപടങ്ങൾ നീങ്ങി. നേരെ നോക്കാതിരുന്ന കണ്ണുകൾ വിടർന്നു. കടുപ്പിച്ചു നിർത്തിയ മുഖങ്ങളിൽ ചിരി പടർന്നു. എങ്ങും ആനന്ദം. ആരൊക്കെയോ കാന്റീനിൽ നിന്ന് ലഡു വാങ്ങി വന്നു.

പെട്ടെന്ന് വീണ വെളിച്ചത്തിൽ സഖാവിന് സ്വന്തം ലോകം അന്യമായിത്തോന്നി. ഇടംകണ്ണിലൂടെ ഒളിഞ്ഞുനോക്കിയിരുന്ന, തനിക്ക് മാത്രമായി ചെറുപുഞ്ചിരി തന്നിരുന്ന, ആരും കാണാതെ ചുണ്ടുകോട്ടി കാട്ടിയിരുന്ന മുഖത്ത് പകൽ വെളിച്ചത്ത് നോക്കാൻ അവന് ധൈര്യം വന്നില്ല. അന്നവൻ വേഗം വീട്ടിലേക്ക് മടങ്ങി. വിശന്നില്ല. ഉറക്കം വന്നില്ല. അവൻ പുറത്തിറങ്ങി നടന്നു.

ഇരുട്ട്. സമൂഹത്തിന്റെ കണ്ണുകളിൽ നിന്ന് ഒഴിഞ്ഞ് സ്വന്തം ആത്‌മാവിനോട് സംവദിക്കാൻ ദൈവം അനുഗ്രഹിച്ചു തന്ന തിരശ്ശീല. ഇരുട്ടിൽ നക്ഷത്രങ്ങൾ പാകിയ മാനം എത്ര സുന്ദരം. എവിടെ നിന്നോ വന്ന മിന്നാമിനുങ്ങിനെ അവൻ പിൻതുടർന്നു. രാത്രി ഉറങ്ങിത്തീർക്കാനുള്ളതല്ല എന്ന തിരിച്ചറിവ് വന്ന ഒരു രാക്കുയിലിന്റെ പാട്ടിന് അവൻ ഈണം പിടിച്ചു.

വെളിച്ചം സമൂഹത്തിനുള്ളതാണ്. സമൂഹജീവിയെന്ന നിലയിൽ ഒഴിവാക്കാനാകാത്ത ഒരു സത്യം. അവിടെ കുയിലിന്റെ പാട്ടിനുള്ള ശാന്തതയില്ല. താരപ്രഭയ്‌ക്ക് സൂര്യനെ മറികടക്കാനാവില്ല. മിന്നാമിനുങ്ങിനെ ആരും ഗൗനിക്കില്ല. തന്റെ സഖിയുടെ കണ്ണുകളും അതു പോലെയോ? മറവുകളില്ലാത്ത ലോകത്ത് ആ കണ്ണുകൾക്ക് എന്ത് കഥ പറയാനാകും?

പ്രണയത്തിനു ബന്ധങ്ങൾ ആവശ്യമില്ല. അല്ല, ശുദ്ധമായ പ്രണയം ഭൗതിക ബന്ധങ്ങളെ പ്രതിരോധിക്കും. പ്രണയത്തിന്റെ പരാജയമാണ് വിവാഹം എന്ന് പറഞ്ഞത് ആരായിരുന്നു? മറ്റാരാലും അറിയപ്പെടാതെ, പരസ്പരം പറയാതെ പോകുന്ന പ്രണയം ആണ് മഹത്തരം എന്നും പറയപ്പെട്ടിട്ടില്ലേ? അനശ്വരമായ വികാരം പ്രണയമത്രേ. സ്വാർത്ഥമോഹങ്ങളാൽ നാം അതിനെ കൂട്ടിലടയ്‌ക്കുന്നു. പറക്കാനനുവദിക്കാതെ വെറും ഭൗതിക വികാരമാക്കുന്നു. മൃതിയാക്കപ്പെട്ട അത്തരം പ്രണയങ്ങൾക്ക് കഥകളും കവിതകളുമായി സ്മാരകങ്ങൾ പണിയുന്നു.

പിറ്റേന്നും അവൻ ദേവിക്ക് മുന്നിൽ കൈ കൂപ്പി. എന്നാലിന്ന് അവൻ പ്രാർത്ഥിച്ചത് വെളിച്ചത്തിന് വേണ്ടിയല്ല. തിരശീലകളില്ലാത്ത ലോകത്തിന് വേണ്ടിയല്ല. തന്റെ സഖിയുടെ കണ്ണുകളെ പൂകാനോ, നിറുകയിൽ മുത്തമിടാനോ അല്ല. അന്ധകാരമെന്ന് കരുതി ഇത്രയും കാലം നഷ്ടപ്പെടുത്തിയ ഇരുട്ടാണവന്റെ മനസ്സിൽ. സുന്ദരമായ, മധുരമാർന്ന, ഇരുട്ട്. ആ ഇരുട്ടിൽ അവൻ സത്യത്തെ തേടി. പകൽവെളിച്ചത്തിന്റെ അന്ധകാരത്തിൽ കാണാനാകാത്തത് ഇരുട്ടിന്റെ ജ്യോതിസ്സിൽ അവൻ കണ്ടെത്തി. പ്രണയത്തെ അന്ന് അവൻ തുറന്നുവിട്ടു. അത് പറന്നുയരട്ടെ. ഇത്രയും കാലം അതിനെ അടച്ചിട്ട കൂട് എന്നെന്നേക്കുമായി കുഴിച്ചുമൂടണം. പ്രണയങ്ങളല്ല, കൂടുകളാണ് സ്മാരകങ്ങളാകേണ്ടത്. കോളേജിലെ മെയിൻ ബ്ലോക്കിന് മുന്നിലെ, Male – Female joints കൊണ്ട് വേലി കെട്ടിയ ഇടം തന്നെ എന്ത് കൊണ്ടും അതിന് അനുയോജ്യം.

അങ്ങനെ നശ്വരസ്മരണകളുടെ ശ്‌മശാനത്തിൽ ഒരു അനശ്വരപ്രണയത്തിനും സ്‌മൃതിമണ്ഡപമായി. സിമെൻറ് കൊണ്ട് കെട്ടാത്ത, ചുവന്ന ചായം പൂശാത്ത, അഭിവാദ്യങ്ങൾ ആലേഖനം ചെയ്യാത്ത, ഒരു അദൃശ്യ സ്‌മൃതി മണ്ഡപം.

ഈ കഥ ഇവിടെ അവസാനിക്കുന്നു. പക്ഷെ സഖാവിന്റെ പ്രണയന്വേഷണങ്ങൾ ഇപ്പോഴും തുടർന്നു കൊണ്ടേയിരിക്കുന്നു. അത് കൊണ്ട് കഥ തുടരുക തന്നെ ചെയ്യും – നമ്മളോരോത്തരും അറിഞ്ഞോ അറിയാതെയോ കഥാപാത്രങ്ങളായി. അദൃശ്യമായ സ്‌മൃതിമണ്ഡപങ്ങളിൽ അവ അനശ്വരങ്ങളായി മാറും.

13 Aug 2017

സഖാവ് ഒരിക്കൽകൂടെ കോളേജിലേക്ക് പോകാൻ തയ്യാറെടുക്കുന്നു. തന്റെ അനശ്വര പ്രണയത്തിനുമുന്നിൽ ഒരുപിടി പൂക്കളർപ്പിക്കാൻ. 

ആ കണ്ണുകൾ എന്താണ് പറഞ്ഞിരുന്നത് എന്ന് സഖാവിന് ഇന്നും അറിയില്ല. അതൊക്കെയും തനിക്ക് ഉണ്ടായ തോന്നൽ മാത്രമോ? അങ്ങനെയെങ്കിൽ അങ്ങനെ തോന്നിക്കാൻ തക്കവണ്ണം എന്തോ ആ കണ്ണുകളിൽ ഉണ്ടായിരുന്നില്ലേ? എന്തായിരുന്നു അത്? ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങൾ.

കോളേജ്‌ജംഗ്ഷനിലെ Learners Bookstall ഇന്നുമുണ്ടോ? ആർട്സ്‌കോളേജ് ലൈബ്രറിക്കുമുന്നിലെ തെറ്റായ ചെരിവ് അങ്ങനെത്തന്നെ നിർത്തിയിട്ടുണ്ടോ? ആർമിയുടെയും നേവിയുടെയും പരസ്യപ്പലകൾ ഇപ്പോഴും First Years നെ മോഹിപ്പിക്കുന്നുണ്ടാവുമോ? ന്യൂ ബ്ലോക്കിന് മുകളിൽ ആ കാറ്റാടിയുടെ ബാക്കിപത്രം ഇനിയും സൂക്ഷിച്ചുവച്ചിട്ടുണ്ടോ?

Ellipse-നു ചുറ്റുമുള്ള വേലി എന്തായാലും മാറിയിരിക്കുന്നു. പഴയ Male-Female Mild Steel joints അല്ല ഇന്നവിടെ. പകരം ഒരു പുതിയ വേലി വന്നിരിക്കുന്നു. ആരെങ്കിലും അതിന്റെ അനൗചിത്വത്തെ ഓർമ്മിപ്പിച്ചത് കൊണ്ടാവുമോ? അല്ല മറ്റാരോ പുതിയ ഒരു project ചെയ്തതാവുമോ?

മൊബൈൽ ഫോണും text message-ഉം snapchat-ഉം കൊണ്ടുവന്ന സ്വകാര്യതയുടെ ലോകത്ത് സഖാവ് പണ്ട് അനുഭവിച്ച പ്രണയനോവിന് ഇനിയൊരു ജന്മം സാധിക്കുമോ? Facebook-ന്റെയും  instagram-ന്റെയും ഇരുളുകളില്ലാത്ത ലോകത്ത് നക്ഷത്രങ്ങൾ കാണാനാവുമോ? രാക്കുയിലിന്റെ പാട്ട് കേൾക്കാനാവുമോ?

….. പോരുന്നോ സഖാവിന്റെ കൂടെ കോളേജിലേക്ക്?

Riyaz Muhammad


പിന്നാന്പുറം

Memoirs cover flap.png

പൊങ്കാലയുടെ പിറവിയെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഇലെക്ട്രിക്കൽ ആഭ്യന്തരയുദ്ധത്തെപ്പറ്റിയുള്ള ഈ പുസ്തകത്തെക്കുറിച്ചറിയാനായത്. കുറെ പരിശ്രമിച്ചിട്ടും അതിന്റെ ഒരു കോപ്പി പോലും കണ്ടെത്താനായില്ല. ഒടുവിൽ അതിന്റെ cover flap ആരോ അയച്ചുതന്നു. അതിലെ ഒന്നും രണ്ടും ഉപന്യാസങ്ങൾ ഭാവനയിൽ ചാലിച്ച് ഭാഷയുടെ പരിമിതികളിൽ  കാച്ചിക്കുറുക്കിയതാണ് ഈ കഥ.

സഖാവിന്റെ സ്വന്തം ഭാഷയിൽ പറഞ്ഞാൽ:

ഇത് നിങ്ങളുടെ കഥയാണ്. പറയാനാവാത്ത കഥകളെഴുതിയ കണ്ണുകൾ ഒരിക്കലെങ്കിലും നോക്കിനിന്നിട്ടുള്ളവരുടെ കഥ. പറയാതെ പോയ പ്രണയം ജീവനോടെ അടക്കപ്പെട്ട ഹൃദയകുടീരങ്ങളുടെ കഥ.

ഹൃദയസ്പന്ദനങ്ങളോടെ അടക്കപ്പെട്ട പ്രണയം ഒരിക്കൽ കന്മദ സുഗന്ധം പോലെ വെളിയിൽ വരുമ്പോൾ അത് സനാതനമായി തീരുന്നു. സകല ചരാചരങ്ങളുടെയും മേൽ പെയ്യുന്ന മഴയായി തീരുന്നു. സൗന്ദര്യത്തെയും വൈരൂപ്യത്തെയും, യൗവ്വനത്തെയും വാർധ്യക്യത്തെയും ഒന്നെന്നു കാണുന്ന കൈവല്യ സ്നേഹമായി തീരുന്നു.

കേവലവും അനാസക്തവും ആയ സ്നേഹം.

 

15 Comments

 1. വിവാഹ ശേഷം എന്ത് കൊണ്ട് പ്രണയം ബന്ധങ്ങളിൽ അന്യമായിപ്പോകുന്നു എന്നും അന്വേഷിക്കാം . കിളിയെ കൂട്ടിലടക്കാൻ ശ്രമിക്കുന്നവർക്ക് ഒരു മാർഗ്ഗ ദർശി ആകാല്ലോ?

  പറയാത്ത പ്രണയം പിശുക്കന്റെ കയ്യിലെ ക്ളാവു പിടിച്ച നാണയം പോലെയാണ്..അത് പറഞ്ഞത് മാധവിക്കുട്ടി😊

  സഖാവ് റിസേർച്ച് ചെയ്യുന്നത് നന്നായിരിക്കും

  Liked by 1 person

  1. No need of any research for the author sakavu😃. Authors generally write from their mind and feelings, but very clever to guide the readers to other people

   Like

 2. ഒരു ജുഡീഷ്യല് അന്വേഷണത്തിനു മുന്പ് വായനക്കരുടെ അഭിപ്രായം ആരായാം….

  Like

 3. പ്രണയം പറയാതെ പറയും , കൈമാറാതെ ഏറ്റുവാങ്ങും, എല്ലാ ലൗകീക നിയമങ്ങൾക്കുമതീതമായി പടർന്നു പന്തലിക്കും…

  Liked by 1 person

 4. പ്രണയത്തിൽ ലിഖിതമോ അലിഖിതമോ ആയ കരാറില്ല, നിയമങ്ങളില്ല. അത് നിരുത്തരവാദിത്ത പരമാണ്. വികാരമാണ്. ഉദാത്തമാണ്. നിരങ്കുശമാണ്. പരിമിതികളില്ലാത്ത വ്യക്തിസ്വാതന്ത്ര്യം അതിലുണ്ട്. പ്രണയം സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്.

  വിവാഹമാണെങ്കിൽ ഉത്തരവാദിത്തപൂർണ്ണമാണ്. വിവാഹം ഒരു സ്ഥാപനമാണ്. വ്യക്തികൾ തമ്മിലുള്ള കരാറിന് മുൻതൂക്കമുണ്ടതിൽ. കണ്ടീഷനൽ സെക്സുമായി ബന്ധപ്പെട്ടുകിടക്കുന്നു വിവാഹം. എന്നാൽ പ്രണയത്തിൽ സെക്സ് ഉണ്ടാകാം, ഇല്ലാതിരിക്കാം. മനസ്സിന്റെ അനുഭൂതികൾക്കാണവിടെ പ്രഥമ സ്ഥാനം.

  ഇഷ്ടമുള്ള ഏതൊന്നിനെയും സ്വന്തമാക്കി കഴിയുന്നതോടെ അതിനോടുള്ള താൽപര്യം, അഭിവാഞ്ജ കുറയും. പ്രണയമെന്ന തീക്ഷണ വികാരത്തിനും ഇത് ബാധകമാവുന്നുണ്ട്. സ്വന്തമാക്കിയാൽ പിന്നെ പ്രണയമല്ല അത് സ്നേഹമാണ്. പിന്നീടങ്ങോട്ടുള്ള യാത്ര സ്നേഹമെന്ന ഇന്ധനം ഉപയോഗിച്ചാണ്.

  പ്രണയത്തിനു മുന്നിൽ സാധാരണ രണ്ട് വഴികളാണ്. ഒന്ന് സ്വന്തമാക്കൽ; അല്ലെങ്കിൽ കൈവിട്ട് കളയൽ. രണ്ടും പ്രണയത്തിന്റെ അന്ത്യം. എന്നാൽ സഖാവ് മൂന്നാമതൊരു വഴി തെരഞ്ഞെടുത്തു. പ്രണയത്തെ സ്വതന്ത്രമാക്കി അവനതിനെ അനശ്വരമാക്കി.

  വിവാഹം പ്രണയത്തിന്റെ പരാജയമാണ് എന്ന് കടുപ്പിച്ച് പറയാൻ പാടില്ല എന്ന് തോന്നുന്നു. രണ്ടും രണ്ടാണ്. എങ്കിലും നിസ്വാർത്ഥമായ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് കാമുകനെയും കാമുകിയെയും നയിക്കുന്ന പ്രണയത്തിന്റെ ലോകം എല്ലാവർക്കും ഉണ്ടാകട്ടെ. അങ്ങനെ എപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കാൻ കഴിയട്ടെ. അതിൽപരം സൗഭാഗ്യം വേറെയുണ്ടോ?

  Liked by 3 people

 5. Nice comments eternal lover. In fact it is not comments, prose poem defining and intellectualizing pranayam. Can see an engineer’s mind in that 🙂 Riyaz, as you might have expected, it would have taken a lot of people back in MACE to experience some or other nostalgic moments. It is subtle and liberating . More than anything , it is a feeling of understanding without words. When there is someone who understands your 6 different smiles just for nothing, it can’t be explained in any other way. I believe humans would be the only creatures who can experience it because it is more of an imagination. ONV’s ” Arikil neeyundayirunnengilennu njan.. oru mathra verduthe ninachupoyi …” would give the essence of pranayam in our generation.
  You should write more fiction Riyaz. Your writing is so convincing. Sitting so far from MACE and looking at the night skies of Texas, you take all of us to a world never existed and mesmerize everyone to believe you . Great skill and beautiful creation. Waiting for next story 🙂

  Liked by 1 person

 6. Story blended with Engineering intelligence ….അറിയാതെ എല്ലാ പരിസരങ്ങളും ഞങ്ങളുടെ മനസ്സില്‍ക്കൂടി ഓടിച്ചു…briliiant ,,,Riyaz …..Is it the one digged at MACE Entrance Which you narrated earlier ,,,,
  “രസതന്ത്രം മുതൽ ഖഗോളശാസ്ത്രം വരെയും പാലിക്കുന്ന ഭ്രമണപഥം” is it astronomy,or zoology…
  ക്വഥനാങ്കം,ദ്രവണാങ്കം ,,വിദ്യുച്ഛക്തിഗമനാഗമനനിയന്ത്രണയന്ത്രം,,,ഒക്കെ മറന്നുപോയിരുന്നു…

  EA ലെ ആഭ്യന്തരയുദ്ധം ഒന്നും ഇല്ലായിരുന്നു ഈ കഥാകാരനും പ്രണയിനികളും കൂടി പറഞ്ഞു പരത്തുന്നതാ……
  Anyway Great ….

  Like

 7. എന്താ പറയേണ്ടത് ?
  സൈന പറഞ്ഞത് പോലെ വലിയ എഴുത്തുകാരെപ്പോലെ ………
  കൂട്ടുകാരെ മൊത്തം കോളേജിന്റെ മുറ്റത്തെത്തിക്കാൻ കഴിഞ്ഞത് കഥാകാരന്റെ കഴിവ് തന്നെ സമ്മതിച്ചു
  പൊങ്കാലയുമായി വന്ന റിയാസിന് പ്രണയകഥ ശരിയാവില്ലാന്ന് തോന്നിയിരുന്നു
  പക്ഷേ അവിടേയും ജയിച്ചു .
  സ്വകാര്യമായി ഒരു നുള്ള് വേദന മനസ്സിൽ സൂക്ഷിക്കാത്തവർ കുറവായിരിക്കും അല്ലേ ?
  മറ്റാർക്കും പങ്കിട്ട് നൽകാതെ ആത്മാവിന്റെ ആഴങ്ങളിൽ കരുതിവച്ചിരിക്കുന്ന ആ ദു:ഖം
  വിടരാതെ പോയ വസന്തത്തിന്റെ ….
  പ്രണയ വസന്തത്തിന്റെ നോവും നൊമ്പരവുമല്ലാതെ മറ്റെന്തായിരിക്കും ?
  അടുത്ത ഭാഗം വായിക്കാൻ ധൃതി തോന്നുന്നു
  ക്ഷമയും പ്രതീക്ഷയുമല്ലേ …………
  കാത്തിരിക്കുന്നു
  എഴുതണം
  ഒരുപാട് …… ഒരു പാട്

  Like

 8. പ്രണയത്തെക്കുറിച്ച് എഴുതിയ വാക്കുകളൊക്കെ മനോഹരം
  മരണമില്ലാത്ത സ്നേഹത്തിന്റെ മധുരമായ പ്രണയം
  ക്ഷമയും പ്രതീക്ഷയുമായ പ്രണയം
  അനശ്വര വികാരം പ്രണയം
  സകല ചരാചരങ്ങളുടെയും മേൽ പെയ്യുന്ന മഴയായ പ്രണയം
  അതിനുമപ്പുറം ?
  പ്രണയം വേദനയാണെന്നറിയാമോ ?
  ഒരിക്കലും ഉണങ്ങാത്ത മനസ്സിന്റെ നോവാണെന്ന് കേട്ടിട്ടുണ്ടോ ?
  സഖാവിന് ആ വേദന ഇല്ലാതിരിക്കണം
  അതിന് അവൾ പറഞ്ഞ കഥയൊക്കെ ഉറങ്ങുമ്പോൾ കണ്ട കിനാവാണെന്ന് കരുതിയാൽ മതി
  ഉണരുമ്പോഴേക്കും മാഞ്ഞു പോകുന്ന വെറും കിനാവ് …………

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s