അറിഞ്ഞില്ലേ, സിവിൽ എ ബാച്ചുകാർ 25 വര്‍ഷങ്ങള്‍ ഒളിപ്പിച്ചു വച്ചിരുന്ന രഹസ്യങ്ങള്‍ പുറത്തായി!

നമുക്കൊന്ന് തിരുമുറ്റത്തേക്ക് തിരിച്ചുപോയാലോ? ചിന്തകൾ പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു എന്നല്ലേ ചൊല്ല്! അപ്പോൾ സിഡ്നിയിൽ നിന്ന് കോതമംഗലം വഴി സൗത്ത് ഇന്ത്യയൊന്ന് കറങ്ങി ഇന്നു തന്നെ തിരിച്ചുവരാം. എന്ത് പറയുന്നു?

Let us Throwback our adventurous Civil A Techie South India Tour!

പ്രത്യേകം ചാർട്ടർ ചെയ്ത ആനവണ്ടിയിൽ കോതമംഗലത്തു നിന്ന് എറണാകുളം സരിതാ കൊട്ടകയിലേക്ക്; പ്രാർത്ഥനയോടെ യാത്ര ആരംഭിക്കാതെ , No.20 മദ്രാസ് മെയിൽ പടം കണ്ടു യാത്രക്ക് ഹരിഃശ്രീ കുറിച്ചു. അവിടന്ന് സഹപാഠി ജോർജിന്റെ വീട്ടിലെ വിഭവസമൃദ്ധമായ അത്താഴം; ആഴ്ചകളായി ഭക്ഷണം കാണാത്ത പട്ടിണി കോലങ്ങളെ പോലെ ആയിരുന്നു ഊട്ടുമുറിയിലെ പലരുടെയും പ്രകടനം. പിന്നെ ഒരിക്കൽകൂടി ഞങ്ങളെ വീട്ടിലേക്ക് വിളിക്കാൻ ജോർജ് ധൈര്യപെട്ടിട്ടില്ല. അവിടന്ന് സുദീപിന്റെ ഭവനവും സന്ദർശിച്ച് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തി, മംഗലാപുരം തീവണ്ടിയിൽ കയറാൻ. (സുദീപ് ബുദ്ധിമാൻ, എല്ലാരും മൂക്കുമുട്ടെ അകത്താക്കിയതു കൊണ്ട് ഒരു കട്ടൻകാപ്പി പോലും അനത്തേണ്ടി വന്നില്ല, പക്ഷേ ചിലരൊക്കെ അല്പം സേവിച്ചില്ലേ? ഒരു സംശയം ഇല്ലാതെയില്ല.)

ഒന്നു കണ്ണടക്കാനായി കാശ് കൊടുത്തു റിസർവേഷൻ കംപാർട്മെന്റിൽ കയറിയ സഹയാത്രികരെ പുല്ലുവില കൊടുക്കാതെ ’28’ കളിക്കാനായി ചീട്ട് നിരത്തി. പൊതുസ്ഥലത്ത് ചീട്ട്കളിക്കാൻ പാടില്ല എന്ന് സ്നേഹപൂർവം പറഞ്ഞു തന്ന മുതിർന്ന സഹയാത്രികരെ അവഗണിച്ച ഞങ്ങളെ നിലക്കു നിർത്താൻ സാക്ഷാൽ TTE വരേണ്ടിവന്നു. ചീട്ട് മടക്കിയ ഞങ്ങൾ ഇരിപ്പിടത്തിലേക്ക് പോയെങ്കിലും ആത്മാവിനെ പുകച്ചവർ ട്രെയ്നിലൂടെ ഓടിനടന്ന് നേരം വെളുപ്പിച്ചു.

മംഗലാപുരം കറങ്ങി പിറ്റേ ദിവസം ഞങ്ങൾ രാത്രി 9 മണിയോടെ ഹാസനിൽ എത്തി. പശ്ചിമഘട്ടത്തിൽ കൂടിയുള്ള ഏറ്റം മനോഹരമായ തീവണ്ടി പാത. അവിടന്ന് രാത്രി 12 മണിക്ക് ശേഷമുള്ള മൈസൂർ തീവണ്ടിയിൽ കയറണം. കുറച്ചുപേർ വെയ്റ്റിംഗ്റൂമിൽ കയറിക്കൂടി, എറണാകുളത്ത് മടക്കിയ ചീട്ട് നിവർത്തി. ഇതിനിടയിൽ ഉറങ്ങി പോയ ബേസിലിന്റെ വായിൽ നൂലിൽ കെട്ടിയ ഉപ്പ് ഇറക്കി കുരങ്ങ് കളിപ്പിച്ചതും, പ്ലാറ്റ്ഫോമിൽ വെച്ചിരുന്ന കോഴികളുടെ കൂടുകൾക്ക് തുളയിടാൻ ശ്രമിച്ചതും, അവിടുത്തെ നാട്ടുകാരുടെ രോഷം ശരിക്കും ആസ്വദിച്ചതുമൊക്കെ ഇന്നും ഓർമ്മയിൽ ഓളം തല്ലുന്നു.

രാത്രി12- ചീവിടുകളുടെയും, വവ്വാലുകളുടെയും കൂടെ ഞങ്ങളും മൈസൂർക്ക് വണ്ടി കയറി. സീറ്റ് കിട്ടുന്നപോലെ എവിടെ വേണേലും കേറിക്കോയെന്ന സാറിന്റെ അനുമതി കിട്ടിയത്കൊണ്ട് പല ബോഗികളിലായി കയറി കൂടി, ഉറക്കം തുടർന്നു. നേരം പരാപരാ പുലരാൻ തുടങ്ങിയപ്പോൾ മുല്ലപ്പൂധാരികളെ കൊണ്ട് വണ്ടി നറഞ്ഞു. ജോലിക്കാരികളായ വീട്ടമ്മമാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ എത്ര വർഷങ്ങൾ വേണ്ടി വന്നു!

“നാളത്തെ പത്രവാർത്ത TTE ചമഞ്ഞ സുമുഖനായ യുവാവ് അറസ്റ്റിൽ” ; അപ്പുറത്തെ ബോഗിയിലെ യാത്രക്കാരെ കൂടി കണ്ട് നിർവൃതിയടയാൻ പോയ ബേസിലിന്റെ പ്രഖ്യാപനം സ്ഥിരം വിടുവാ എന്ന് കരുതി ഉറക്കം തുടരാൻ ശ്രമിച്ച ഞാൻ ഞെട്ടി. ‘ആരെടാ വീരാ പോരിന് വാടാ’ മട്ടിൽ എന്തിനെയും നേരിടുന്ന ഞങ്ങളുടെ സിബി പീറ്റർ ദാ ചൂടുവെള്ളത്തിൽ വീണ പൂച്ചയെ പോലെ പോലീസുകാരുടെ നടുക്ക് നടന്നു പോകുന്നു. സത്യമോ മിഥ്യയോ! പാതി ഉറക്കത്തിൽ ആയിരുന്ന ഞാൻ കണ്ണ് നല്ലപോലെ തൂത്തുനോക്കി.
“എന്താ സംഭവിച്ചത്?”

എപ്പോഴും സുസ്മരവദനനായിരുന്ന ഇമ്നതോഷിയുടെ വെള്ള നിറത്തിലെ കോട്ട് കടം മേടിച്ചു സിബി സഹയാത്രികനായിരുന്ന ഒരു കന്നടക്കാരനോട് തീപ്പെട്ടി ചോദിച്ചു; ആത്മാവിനെ സിഗരറ്റ് രൂപത്തിൽ പുകക്കുക എന്നതായിരുന്നു ഉദ്ദേശം, പക്ഷേ—- വെള്ള കോട്ടും, കൈയിലെ ടൂറിൻറെ ഫയലും ഒക്കെ കണ്ട് പാവം കന്നടക്കാരൻ സിബിയെ TTE ആയി തെറ്റിദ്ധരിച്ചു; പരിശോധിക്കാനായി ടിക്കറ്റും നീട്ടി. സിബി ഇത് കണ്ട പാടെ ടിക്കറ്റ് മേടിച്ചു ഒപ്പിട്ടു കൊടുത്തു. “നിന്നെ കണ്ടാൽ NO 20 മദ്രാസ് മെയിലിലെ ജഗതിച്ചേട്ടനെ പോലെ തന്നെ ഉണ്ട്”എന്ന ആരുടെയോ കമെന്റും കൂടി ആയപ്പോൾ അകെ ത്രില്ലടിച്ച സിബി ടിക്കറ്റ് പരിശോധന തുടങ്ങി, സഹപാഠികൾ നന്നായി പ്രോത്സാഹിപ്പിച്ച് ആസ്വദിച്ചു; പക്ഷെ എല്ലാം നീർക്കുമിള പോലെ പൊട്ടി.
“Could you please show me your ID?” എന്ന ഘനഗംഭീരമായ ശബ്ദം കേട്ട് കൂടെയുള്ള MACEians ഞെട്ടി. “Who are you to ask his ID?” എന്ന ഏതോ കൂട്ടുകാരന്റെ മറുചോദ്യത്തിനു മറുപടി“ I’m the circle inspector of Karnataka Police” കൂടെ നീട്ടി പിടിച്ച അസ്സൽ ഐഡിയും. പിന്നെയെല്ലാം പെട്ടന്നായിരുന്നു. സിബിയുടെ കൂടെ ഉണ്ടായിരുന്നവരെല്ലാം സർക്കിൾ ഏമാന്റെ കാലുപിടിച്ചിട്ടും രക്ഷയില്ല, റെയിൽവേ പോലീസ് വന്നു സിബിയെ പൊക്കി, പ്ലാറ്റുഫോംൽ ഇറക്കിയ കാഴ്ചയാണ് ഉറക്കച്ചടവിൽ ഞാൻ കണ്ടത്. ഇതിനിടെയിൽ ഒന്നും അറിയാത്ത പോലെ തീവണ്ടി ചലിച്ചു, എന്ത് ചെയ്യണം? നമ്മൾ ടെക്കികൾ അല്ലേ, തളരാമോ, ഇല്ല!

“ചെയിൻ വലിക്കടാ” ആരോ അലറി. കേട്ടപാടെ 3 ബോഗികളിലായി ഉള്ള എല്ലാ ചെയ്നുകളും വലിക്കപ്പെട്ടു. (ടോമും,വിജയനുമൊക്കെ ചെയിൻ വലിച്ച ഭാഗ്യവാന്മാരിൽ ഉൾപ്പെടും.) ഈ ചെറിയ ചെയിൻ ഒറ്റ തവണ വലിച്ചാൽ ഇത്രയും വലിയ തീവണ്ടി നിൽക്കാനുള്ള പ്രോബബിലിറ്റി മനകണക്ക് കൂട്ടിയ ജോജി എന്ന വിളിപ്പേരുള്ള ജോർജ് ചെയിനിൽ തൂങ്ങി നിന്നു.

പക്ഷെ റെയിൽവേ പോലീസ് കൊണ്ട് പോയ സിബി എവിടെ? കൂട്ടുകാരനെ വഴിയിൽ തള്ളാൻ പറ്റില്ലല്ലോ. മുമ്പും പിമ്പും ആലോചിക്കാതെ ജോർജും, കള്ളിമുണ്ടിൽ ആയിരുന്ന ആരോ ഒരാളും (വർഷങ്ങൾ കുറെയേറെ ആയില്ലേ, ഓർമ്മ കിട്ടുന്നില്ല) അവിടെ ചാടിയിറങ്ങി. വിനാശകാലേ വിപരീത ബുദ്ധി! ആരുമറിയാതെ റെയിൽവേക്കാർ സിബിയുമായി ഞങ്ങളുടെ വണ്ടിയിൽ തന്നെ കയറിയിരുന്നു. ടിക്കറ്റ് ഇല്ലാതെ ഗേറ്റിൽ ചെന്ന ജോർജും, സുഹൃത്തും പിന്നെ അല്പം തരികിട കാട്ടി സ്റ്റേഷന് പുറത്തിറങ്ങി, മൈസൂർക്കുള്ള ബസ് പിടിച്ചു. അവർ ഒരിക്കലും ആ യാത്ര മറക്കാനിടയില്ല. കോഴികളും, ആടുകളും, വട്ടികളും പിന്നെ കന്നടകുട്ടികളുമായി, കാൽ ഒന്ന് നേരേ ചൊവ്വേ വെക്കാൻ പറ്റാതെ ആ യാത്ര ! (ഇതിന് ബദലായി വിരുദ്ധ ഗ്രൂപ്പുകാർ പറയുന്നത് പോലീസ് ലാത്തി വീശിയപ്പം ജോർജും, കൂട്ടുകാരനും പേടിച്ചോടിയതാണ് എന്നാണ്. ഏതാവും സത്യം ; ജോർജിനെ നുണപരിശോധന നടത്തേണ്ടിരിക്കുന്നു.)

‘ആരെടാ ചെയിൻ വലിച്ചത്?’ എന്ന റെയിൽവേ പൊലീസിന്റെ അനേഷണത്തിന് വിജയൻ സ്വയം കുറ്റമേറ്റ് മറ്റുള്ളവരെ രക്ഷിച്ചു. വിജയെനെയും പോലീസ് കൊണ്ട് പോയി. ഇനി ചെയിൻ വലിക്കില്ലന്നും, അടങ്ങി ഒതുങ്ങി ഇരുന്നോളാം എന്ന് പറഞ്ഞു രോഷാകുലരായ സ്റ്റേഷൻ ജീവനക്കാരെ താണു വണങ്ങി, ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഇതിനകം ഞങ്ങൾ കൃഷ്ണരാജസാഗർ സ്റ്റേഷൻ തൊട്ട് മൈസൂർ ട്രെയിൻസ്റ്റേഷൻ വരെ കുപ്രശസ്തരായിരുന്നു എന്നറിയാതെ മറ്റൊരു സുപ്രഭാതം പ്രതീക്ഷിച്ചു മൈസൂറിൽ ചെന്നിറങ്ങി.
അവിടെയും ഭഗവാൻ കൈവിട്ടു. ഒരു കൂട്ടം പിള്ളേർ ടിക്കറ്റിൻെറ കോപ്പിയുമായി വരുന്നുണ്ട്, കടത്തി വിടരുത് എന്ന സുഗ്രീവാജ്ഞ കിട്ടിയിരുന്ന ഗാർഡ് ഗേറ്റിൽ തടഞ്ഞു. ഒറിജിനൽ ടിക്കറ്റ് മദ്രാസ് സ്റ്റേഷനിൽ പോയി കൈപ്പറ്റാൻ ഉള്ള ബുദ്ധിമുട്ടു കൊണ്ട് എല്ലാ മുൻഗാമികളും ചെയ്തപോലെ, മദ്രാസ്സ് സ്റ്റേഷനിൽ നിന്ന് തപാലിൽ കിട്ടിയ സ്റ്റുഡൻറ് കൺസെഷൻ ടിക്കറ്റിൻറെ പകർപ്പുമായാണ് ഞങ്ങളുടെ യാത്ര.
‘ഒറിജിനൽ ടിക്കറ്റ് ഇല്ലെങ്കിൽ പോയി റെയിൽവേ ഹെഡിനെ കണ്ടോളു, ഇവിടെ ചുറ്റിത്തിരിയണ്ട ‘എന്ന ആജ്ഞകേട്ട് ബിനോയ് സാറും, മറ്റാരെക്കെയോ എമേന്മാരെ കാണാൻ പോയി. കന്നടക്കാരെ പറ്റിച്ച മലയാളികളെ വെട്ടി കൊല്ലാനുള്ള കലി മൂത്ത് നിന്ന റയിൽവേക്കാരുടെ അടുത്തേക്കാണ് പാവം ബിനോയ് സാറും സംഘവും പോയത്. ഒന്നും നടന്നില്ല.

“ഇനി പെൺപിള്ളേർ പോയി കരഞ്ഞു കാല് പിടിക്ക്” എന്ന സർന്റെ വാമൊഴി കേൾക്കാത്ത താമസം അല്പസ്വല്പം അഭിനയം ഒക്കെ ആയി നടന്നിരുന്ന എന്നെ തള്ളി മുൻപിൽ നിർത്തി വനിതാഗണം ചീഫ് റെയിൽവേ ഓഫീസറിനെ കാണാനായി ഗമിച്ചു. ഇതിനിടെയിൽ എല്ലാരും മാല, കമ്മൽ, വള മുതലായ ആഭരണങ്ങൾ ഒക്കെ ഊരി ഒളിപ്പിച്ചു; പാവം പട്ടിണി കോലങ്ങൾ ആണെന്ന് വരുത്തി തീർക്കാൻ. ഭീമമായ ഫൈൻ ചുമത്തിയേ പറ്റൂ എന്ന് ബലം പിടിച്ചു നിൽക്കുന്ന കന്നടക്കാരെ വല്ലച്ചാതി സമാധാനിപ്പിക്കണ്ടേ.
കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ! ചീഫ് റെയിൽവേ ഓഫീസർ (Mr. X ) നമ്മുടെ സ്വന്തം നാട്ടുകാരൻ, കൊച്ചീക്കാരൻ മലയാളി. തൊട്ട് താഴെയുള്ള കന്നടക്കാരൻ എങ്ങനേം തലവനിട്ട് പാര പണിയാൻ നോക്കിയിരിക്കുന്ന ആളും. Mr.X ന് ഞങ്ങളെ സഹായിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. പക്ഷേ തൊട്ട് താഴെ കോടാലി അല്ലേ, പാവം Mr. X ത്രിശങ്കു സ്വർഗത്തിൽ ആയിപ്പോയി. അവസാനം ഒന്ന് തല ഊരാൻ പതിനെട്ടാംമടവ് എടുക്കേണ്ടിവന്നു. കണ്ണുനീർപ്രയോഗം. അതിൽ കന്നഡക്കാരനെ മലർത്തിയടിച്ച്, വിജയശ്രീലാളിതരായി, സിബിയെയും, വിജയെനെയും കൊണ്ട് ഞങ്ങൾ മൈസൂർ റെയിൽവേ സ്റ്റേഷന് പുറത്തു കടന്നപ്പോൾ ദാ ‘चार रुपए’ ചോദിച്ച ഓട്ടോക്കാരനോട് ‘नहीं छः, छः’എന്ന് പുലമ്പുന്ന ജോൺ ഇമ്മാനുവേൽ. ഓട്ടോക്കാരൻ 8 രൂപയാണ് ചോദിച്ചതെന്ന് ഓർത്തു വില പേശിയതാണ് നമ്മുടെ സ്വന്തം അമ്മാവൻ. എത്ര നല്ല ദേശഭാഷാ സ്നേഹം!

മൈസൂർ- TTE സംഭവത്തിൻറെ ഞെട്ടലിൽ നിന്നും വീണുകിട്ടിയ ഒരു തെളിനീരുറവ ആയിരുന്നത്. മൈസൂർ കൊട്ടാരം കണ്ട്, ചാമുണ്ടികുന്നും കയറി, നന്ദി മാതാവിനെയും വലം വെച്ചു വൃന്ദാവനവും സന്ദർശിച്ചു ഞങ്ങൾ ബാംഗ്ലൂർക്ക് വണ്ടി കയറി. ( വൃന്ദാവനത്തിലെ ലൈറ്റ് ഷോ അത് ഇന്നും മറന്നിട്ടില്ലാ.)
ബാംഗ്ലൂർ- ഇഷ്ടമില്ലേലും മുൻസംഭവങ്ങളുടെ ഓർമ്മയിൽ ലാൽബാഗിലും, പരിസര പ്രദേശങ്ങളിലും എല്ലാരും മര്യാദക്ക് നടന്ന് മദ്രാസിലേക്ക് തിരിച്ചു.

എന്തൊക്കെ വന്നാലും കയ്യിലിരുപ്പ് മാറുമോ ?
കൂടെ ഉണ്ടായിരുന്ന ടൂർ ഗൈഡ് കാഞ്ചിപുരം ഗ്രാമം കാണിക്കാൻ വഴിയിൽ ഇറക്കി. 3 വിദഗ്ദ്ധർ അവിടന്ന് ഓരോ പട്ടുസാരി അടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ഒരാൾ പിടിക്കപ്പെട്ടു. (ചെറുപ്പത്തിന്റെ വികൃതികൾ!) ടൂർ ഗൈഡ് ഒരുവിധത്തിൽ തടി കേടാക്കാതെ ഞങ്ങളെ രക്ഷിച്ചെടുത്ത് ഹോട്ടലിൽ കൊണ്ടാക്കി. അത് വരെ ക്ഷമിച്ചും സഹിച്ചും നിന്ന ബിനോയ് സാറിന്റെ ക്ഷമയുടെ നെല്ലിപ്പലക തകർന്നു. ഹോട്ടലിൽ എത്തിയതും സർ ഉത്തരവിട്ടു” എല്ലാരും പെട്ടി പാക്ക് ചെയ്തോ, ടൂർ ഇവിടെ അവസാനിക്കുന്നു നമ്മൾ ഇന്ന് രാത്രിയിലെ എറണാകുളം ട്രെയിന് കയറുന്നു.” കൂട്ടത്തിൽ പെൺപിള്ളേരെ നോക്കി മറ്റൊന്നും കൂടി. ‘മൈസൂറിൽ ഞാൻ പറഞ്ഞ കണ്ണുനീർ പരിപാടിയുമായി എൻറെ അടുത്തേക്ക് ആരും വരണ്ട.” ജയിക്കാനായി തോൽക്കുന്നു എന്നല്ലേ, ബലം പിടിച്ചു നിന്ന സാറിനെ ഒരു വിധത്തിൽ അനുനയിപ്പിച്ച് ഞങ്ങൾ മദ്രാസ് നഗരം ചുറ്റി ഊട്ടിയിൽ എത്തി.
അവിടെ ചെയ്ത ക്യാമ്പ്ഫയറിൽ ഇരുട്ടിൻറെ മറ പറ്റി ഒളിപ്പിച്ചു വെച്ച മഞ്ഞ നിറത്തിലെ ‘വീര്യദ്രാവകം’ ജീരകവെള്ളം എന്ന് തെറ്റിദ്ധരിച്ച് ഞാൻ കൈകഴുകാൻ ശ്രമിച്ചതും, മരം കോച്ചുന്ന തണുപ്പിൽ, ഷവ റിൽ തണുത്ത വെള്ളത്തിൽ കുളിച്ച് മരവിച്ചതും, ചീ ട്ട് കളിച്ചിട്ട് വന്നപ്പം, ഉറങ്ങുകയായിരുന്ന കൂട്ടുകാരികളെ തള്ളി മാറ്റി ആ ചൂട് മെത്തയിൽ കിടന്ന് ഗാഢ സുഷുപ്തിയിലായതും ഒക്കെ മറക്കാൻ പറ്റുമോ!
ദൈവമേ നന്ദി. നമ്മളൊക്കെ എത്ര ഭാഗ്യശാലികൾ! ഓർത്തു ചിരിക്കാൻ എത്രയോ നല്ല ഏടുകൾ സമ്മാനിച്ച നമ്മുടെ ടെക്കി ജീവിതം. ഇന്നായിരുന്നെങ്കിൽ കോളേജുകളിലെ ഇടിമുറികളിലും, ജയിലുകളിലും, പിന്നെ പുറത്താക്കലിലും ഒക്കെ അവസാനിക്കാമായിരുന്ന നമ്മുടെ പഠനം; എന്തൊക്കെ തല്ലുകൊള്ളിത്തരങ്ങൾ കാണിച്ചിട്ടും അതൊക്കെ ചെറുപ്പത്തിന്റെ അപക്വമായ ചേഷ്ടികൾ എന്നോർത്ത് കണ്ണുരുട്ടി, വെറും താക്കീതിൽ ഒതുക്കി, ഞങ്ങളെ നേർവഴിക്ക് നടത്തിയ ഗുരുഭൂതന്മാരേ നന്ദി.

To our beloved Teachers,
We were nasty around you
We may have spread nasty rumours
Putting aside our mischievous behaviour
Today we just want to say Thanks
The truth is we really love you
We respect you in all our moments
Thank You very much to our dearest Teachers

Raimol

Collage

21 Comments

 1. Yes. I remember the TTE incident. I am sure that poor Sibi would not have entered another train for some time. 😂😝

  Like

 2. Nice reading, Rai. എങ്ങിനെ ഇതെല്ലാം ഇത്ര കൃത്യമായി ഓർത്തിരിക്കുന്നു! Really appreciate your writing style.

  Like

  1. Courtesy goes to my class. My classmates directed me to finish this. Things I forgot are picked from their memory.

   Like

 3. There are a similar, but much smaller incident involving Salam at Ooty. Salam has some issue with a rickshaw driver and he wrote down the rickshaw number as a “warning”. Thirty minutes after we reached the hotel, there were some dozen rickshaws in the hotel looking for Salam. Aju tried to pacify by asking, whether money was an issue. Tamil rickshaw guys said, money is not a problem, “Avan challenge panniyachu”. Then Aju pacified them saying that Salam is a chinna kulandai and vivaram illa and all that. 🙏

  Like

 4. Nostalgic smaranakal….kavyatmakamaaya rachana…thank you Rai.

  Note.: gaada sushupthi meaning onnu paranju tharane.. ho…enthoru prayogam…kidilan.

  Liked by 1 person

 5. Raimole നിനക്കിത്രയും ഓർമ്മശക്തിയോ ? വളരെ നന്നായിട്ടുണ്ട്,
  Thank You very much,
  ആ നല്ല കാലം കൺമുന്നിൽ വന്നതു പോലെ…..

  Like

  1. Raimole, you rock.We could travel with you in that train.. mullappoo, and crowd. So true. Wonder if it is still like that. How did you civil team kept such a big incident so secret for 25 years ??

   Like

 6. I forwarded it to mace bangalore group too. Great reviews from there too on the story. Superb work. 👍👍

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s